ഇടർ : ഭാഗം നാല് : ഇഫ്വാനകളുടെ താഴ്വര

ഇടർ : നാല് : ഇഫ്വാനകളുടെ താഴ്വര

മമഹാലു മമഹാലു
ഇഹ ഈഷര സമഹാലു
ഇതി ഈഷര മരമര സാലു
ഇനിമ ഇനിമ ഇനിമ

ഇരുമനഹാസ് എന്ന പേര് താഴ്‌വാരത്തിന് ലഭിക്കുന്നത് ഇഫ്വാനകൾ അവിടെ ചേന്ന് വിളയിച്ചിട്ടും ആയിരം വർഷം കഴിഞ്ഞാണ്. കഥകളിൽ ആയിരമെന്നു പറഞ്ഞാൽ നൂറ്. ഇഫ്വാനകൾക്ക് കഥകളുണ്ടായിരുന്നു, പക്ഷേ അതെഴുതാൻ ലിപിയുണ്ടായിരുന്നില്ല. മുറിച്ചെടുത്ത് ഉണക്കിയ ജഹാരിമരത്തിൻ്റെ ഇലയിൽ ചിത്രങ്ങൾ കണക്കെ കഥകളെഴുതിയിടുന്ന മനഹാസർ താഴ്വാരത്തിൽ എത്തുമ്പോൾ ഇഫ്വാനകൾ തുടർച്ചയായ മൂന്നാം പ്രളയവും അതിജീവിക്കുകയാണ്. 
പ്രളയം തകർത്തെറിഞ്ഞ താഴ്വരകളിൽ നിന്നുമായിരുന്നു മനഹാസരുടെയും വരവ്. ആയിരം നദികളുടെ നാട് എന്നത്രെ മനഹാസികൾ പിന്നിലുപേക്ഷിച്ച താഴ്വരയുടെ പേര്. അവർ നദികളോട് മല്ലിടാൻ പഠിച്ചവരായിരുന്നു. അണകെട്ടുവാനും അതിൽ വിള്ളൽവീഴ്ത്തി ശത്രുവിനെ സംഹരിക്കാനും മനഹാസർ പഠിച്ചു. പഠിച്ചതൊക്കെ ഉണക്കി ഈട്കൂട്ടിയ ജഹാരിമരത്തിൻ്റെ ഇലയിൽ എഴുതി സൂക്ഷിച്ചു. 

മനഹാസരുടെ വരവിനെപ്പറ്റി ഒരു ഇഫ്വാന നാടോടിപ്പാട്ടുണ്ട്. "മമഹാലു മമഹാലു ഇഹ ഈഷര സമഹാലു..." എന്നു തുടങ്ങുന്ന ഒന്ന്. മനഹാസിയിലേയ്ക്ക് മൊഴിമാറ്റി ജഹാരിയിലയിൽ എഴുതിസൂക്ഷിച്ച അത് ഇഫ്വാനകളുടെ പുതിയ തലമുറകൾക്ക് പരിചിതമായിരിക്കില്ല.

"പുഴ ഒഴുകി പുഴ ഒഴുകി
അവര് നയിക്കും ദിക്കിൽ ചേറായി
പിള്ളകൾ ചത്ത് കലങ്ങിയതെന്നുടെ
കണ്ണീർ കണ്ണീർ കണ്ണീർ"

മനഹാസരുടെ ഐതിഹ്യപ്രകാരം ഇഫ്വാനകൾ ശാപം കിട്ടിയവരാണ്. അവർപോകുന്ന ദിക്കിലെല്ലാം പ്രളയമുണ്ടാകും. അവർക്ക് വാക്കും വരയും നിഷിദ്ധം. ഉണക്കാനിട്ട ജഹാരിമരത്തിൻ്റെ ഇല കളിക്കാനെടുത്ത ഇഫ്വാന കുഞ്ഞിനെ നദിയിൽ മുക്കിക്കൊല്ലാൻ ഉത്തരവിട്ട മനഹാസിത്തലവൻ്റെ കഥയുണ്ട്. കുട്ടിയായതിനാൽ വെറുതേ വിടാം എന്ന് ഒരുഭാഗം വാദിച്ചു. ഇരുട്ടത്ത് ശിക്ഷാവിധി പാടില്ലഎന്നും അവർ വാദിച്ചു. ശിക്ഷ വേണമോ വേണ്ടയോ, പിറ്റേന്ന് തീരുമാനിക്കാമെന്ന് ഉറപ്പിച്ച് കൂട്ടം പിരിഞ്ഞു. അന്നുരാത്രി മലമുകളിൽ മഴ കനത്തു. ആദ്യം തണുത്തകാറ്റ് മലയിറങ്ങിവന്ന് താഴ്വരയിൽ ഉറക്കംവിതച്ചു. പിന്നാലെ മലവെള്ളം ഇടിനാദംപോലെ കുതിച്ചിറങ്ങി. മനഹാസരുടെ അണകൾക്ക് കേടുപാടുകൾ പറ്റാതെ വഴിമാറിയൊഴുകിയ ജലം ഇഫ്വാനകളുടെ ഉറക്കത്തിനുമേൽ മരണം വിധിച്ചു. ഒറ്റ രാത്രികൊണ്ട് താഴ്വരയിലെ ബഹുഭൂരിപക്ഷം ഇഫ്വാനകളെയും പ്രളയം വധിച്ചു. സൂര്യനുദിച്ചപ്പാേൾ ബ്യൂറ മലമുകളിലെ പെരുമഴയുടെ അടയാളങ്ങൾ മായ്ച്ചിരുന്നു. ഒരു രാത്രി അലറി പെയ്ത മഴയിലും അണകളിലെ ജലനിരപ്പ് മുൻദിവസത്തെക്കാൾ കുറഞ്ഞു. ഇഫ്വാനകൾ കൂട്ടമായി വസിച്ച ചോലയോരം മാത്രം പ്രളയജലത്തിൻ്റെ താണ്ഢവത്തിന് തെളിവുകൾ നിരത്തി. 
മനഹാസിത്തലവൻ പുഞ്ചിരിച്ചു. ഞാൻ വിധിപറഞ്ഞു, ബ്യൂറ നടപ്പാക്കി. 
ബ്യൂറയുടെ ശാപത്താൽ ഒറ്റരാത്രികൊണ്ട് ജലം കുറഞ്ഞ അണയെ ഓർത്ത് മനഹാസരിലെ അമ്മമാർ നെടുവീർപ്പിട്ടു. വരാൻപോകുന്നത് വരൾച്ചയോ...

ശേഷിക്കുന്ന ഇഫ്വാനകളും ഇരുമനഹാസ് വിട്ടുപോകണം എന്ന മനഹാസിത്തലവൻ്റെ ആജ്ഞ ബ്യൂറയുടെ ശാപത്തിൽ നിന്നും വരൾച്ചയിൽനിന്നും തങ്ങളെ രക്ഷിക്കും എന്ന് മനഹാസികൾ വിശ്വസിച്ചു. 

ഇഫ്വാനകൾ... അവർ വേറെവിടെപ്പോകാൻ... ഇത് അവരുടെ താഴ്വര അല്ലേ...
ഇടർ... അയാൾ വേറെവിടെപ്പോകാൻ... ഇത് അവരുടെ താഴ്വര അല്ലേ...

___________________________________________________________________________________________________
തുടരും...

ഹരികൃഷ്ണൻ ജി. ജി.
02/01/2024

Comments

Popular posts from this blog

ഇടർ : ഭാഗം ഒന്ന് ( ഒരു ശത്രു പിറന്നിരിക്കുന്നു)

ഇടർ : രണ്ട് : ഒരു കുന്തക്കാരൻ പിറന്നിരിക്കുന്നു...

ഇടർ : മൂന്ന് : പുലി