ഇടർ : മൂന്ന് : പുലി
ഒന്നാം മരം
ഇരവിമരം അവസാനിക്കുന്നതെവിടെയാണ്?
പിരാസുവിൻ്റെ ഭവനത്തിൽ.
ദരാദസു മുത്തശ്ശിയുടെ വാക്കുമാല ഇടറിൻ്റെ തലയ്ക്കുള്ളിൽ കിരുകി.
ശത്രുക്കൾ ഇരവിമരത്തിൽ കയറി മറയുന്നത് പിരാസുവിൻ്റെ ഭവനത്തിലേയ്ക്കാണ്. പിരാസുവിൻ്റെ മകൾ, നീണ്ട പുരികവും നിറമില്ലാത്ത മിഴികളുമുള്ള കന്യക, അന്നുരാത്രി അവർക്ക് കിടക്കവിരിക്കും. ഇരവിമരത്തിൻ്റെ തടിയിൽനിന്നും അടർത്തിയെടുത്ത പായലുണക്കി തുന്നിയെടുത്ത മെത്തയിൽ, മുന്നപ്പുല്ല് ഉണക്കി നെയ്തെടുത്ത പായവിരിച്ച്, വിഷശലഭങ്ങളുടെ ചിറകുതുന്നിയ വിരിപ്പുമൂടി അവൾ അവരെ കിടത്തും. മുലമറയ്ക്കുന്ന പാമ്പിൻപടം അഴിച്ചെടുത്ത് വിറയ്ക്കുന്ന അവരുടെ കാലുകളെ ചുറ്റിയുരിയും. ചൂടുപിടിപ്പിക്കും. നഖത്തുമ്പിൽ ചുണ്ടുചേർത്ത് അവൾ അവർക്ക് മേലേയ്ക്ക് ഇഴഞ്ഞുകയറും.
"എന്നിട്ട്... അവളവരെ തിന്നുന്നതാണോ... "
ഇടർ വിറയ്ക്കാൻ തുടങ്ങി. മുത്തശ്ശി ചിരിച്ചു. "അതിഥികളെ ആരെങ്കിലും തിന്നുമോ?"
അവൾ അവരെ സ്നേഹിക്കുന്നല്ലേ. ഇനിയൊരിക്കലും കൂറുമാറാതിരിക്കാൻ. ഇരുമനഹാസിനെതിരേ പോരാട്ടത്തിനയക്കാൻ. ബ്യൂറയെ കീഴ്പ്പെടുത്താൻ...
ബ്യൂറയല്ലേ നമ്മുടെ കാവൽക്കാരി...!
ദരാദസു മുത്തശ്ശിയുടെ ചിരി ഇടറിൻ്റെ കൺമുന്നിൽ തെളിഞ്ഞു. ഇരവിമരത്തിൻ്റെ തായ്ത്തടി കാഴ്ചയെത്താത്തവിധം മുകളിലേയ്ക്ക് പടർന്നുകയറുന്നു. അതിൻ്റെ തുഞ്ചത്ത് പിരാസുവിൻ്റെ കൊട്ടാരവാതിൽ ആയിരിക്കുമോ! അവിടെ നീണ്ട പുരികവും നിറമില്ലാത്ത മിഴികളുമുള്ള നിത്യകന്യക തന്നെ കാത്തിരിക്കുന്നുണ്ടാകുമോ! ഭയമില്ലാതെ ചാരിയിരിക്കാനാവുന്ന ശിഖരത്തിൽ അയാൾ പറ്റിച്ചേർന്നു. പായലിൻ്റെ തണുപ്പ്. ആദ്യമായി ഒരു രാത്രി ബ്യൂറയുടെ കാവലില്ലാതെ ഉറങ്ങാനാെരുങ്ങുന്നു...
അകലെ എവിടെയോ നിന്ന് ഒരലർച്ച ഇടറിനെ ഉണർത്തി
ഇനി എങ്ങോട്ട്...
ഭയപ്പെടുത്തുന്ന രാത്രിയിലേയ്ക്ക് ഇടർ അലിഞ്ഞുചേർന്നു.
രണ്ടാം മരം
നിൻ്റെ ചോര അവൻ രുചിയ്ക്കുമ്പോൾ അവൻ നീയായി മാറുന്നു. നിൻ്റെ അഗ്നിയുടെ ലഹരി അവനെ മത്തുപിടിപ്പിക്കുമ്പോൾ അവൻ നീയായി മാറുന്നു. കാടിനെ ജയിക്കാൻ കഴുകൻ കണ്ണുകൾ വേണം. കാടിനെ ജയിക്കാൻ കരിമ്പുലിച്ചുവടുകൾ വേണം. കാടിനെ ജയിക്കാൻ തീതുപ്പുന്ന കണ്ണുകൾവേണം.
നീ വാ... വെള്ളച്ചാട്ടം കൂരുകൂർപ്പിച്ച ചീളുളിമുനമുളയുമായി,
നീ വാ... പുൽത്തട്ടറിയാത്ത പതുപതുത്ത പുലിക്കാലടികളായി,
നീ വാ... കൂരിരുട്ടിനെ കീറിമുറിയ്ക്കുന്ന തീയമ്പ് നോട്ടമായി...
ഒന്നാമൻ ഗുഹയിലേയ്ക്കുകയറി. പിന്നാലെ ഇടറിൻ്റെ പെങ്ങൾ, ഡെെർ. ഗുഹയിൽ കാട്ടുഫലങ്ങൾ, മുന്നപ്പുല്ല് എപ്പോഴുമെരിയുന്ന അടുപ്പ്, തൂവൽ വിശറി, ചരകത്തോൽ മെത്ത...
അവൾ തലകുനിച്ചു നടന്നു.
ഇടർ മരിച്ചിട്ടുണ്ടാകുമോ?
പുലിപിടിച്ച വാർത്തകേട്ടില്ല. കേൾക്കാൻ സമയമായി.
ലിംഗം അരിഞ്ഞെടുക്കുന്നതിന് തൊട്ടുമുൻപ് രണ്ടാമൻ നോക്കിയ നോട്ടം ഡെെറിൻ്റെ കണ്ണിൽനിന്നും മായുന്നില്ല.
അവൻ വെറുമൊരു കുട്ടിയായിരുന്നു... മരണം മുന്നിൽ നിൽക്കുമ്പൊഴും ഭയന്നിരുന്നില്ല പാവം. പുലിയായി വരുമത്രെ!
ഇടറുമൊത്ത് വേട്ടയ്ക്കു പോകുന്നത് ഓർമ്മവന്നു അവൾക്ക്. ഇടർ കുട്ടിയല്ല. ഒരു പതിനാലുകാരൻ പുലിയായി വന്നാലും കഴുകനായി വന്നാലും ഇടറിനെ ഭയപ്പെടുത്താനാകില്ല.
അരക്കെട്ടിൽ ചേർത്തുപിടിച്ച് ഒന്നാമൻ അവളെ അടുപ്പിച്ചു.
"പുലിപിടിച്ച വാർത്ത അറിയും മുന്നേ ആകാമാേ...!, ആചാരങ്ങൾ...?"
ഒന്നാമൻപൊട്ടിച്ചിരിച്ചു.
''പുലിപിടിച്ചിട്ടുണ്ടാകും, ഇരവിമരത്തിൻ്റെ മുകളിൽ വച്ച് തിന്നുതീർത്തിട്ടുണ്ടാവും... അവനെങ്ങനെ, ആക്രാന്തമായിരുന്നോ...?"
"അവനൊരു കൊച്ചുകുട്ടിയായിരുന്നു...." ഡെെർ ഒന്നാമനെ വെറുതേ നോക്കി. വൃദ്ധൻ. പരിഹാസം നിറഞ്ഞ കണ്ണുകൾ.
"എനിക്കറിയാം..." അവളെ കിടക്കയിലേയ്ക്ക് വലിചെറിഞ്ഞ് അയാൾ തുടർന്നു.
"ഇരവിമരം കയറിയവരാരും തിരിച്ചു വന്നിട്ടില്ല... കുന്തക്കാരൻ കുട്ടിയാണെങ്കിലും പുലിപുലിയാണ്..."
കുന്തക്കാരൻ്റെ തുണയെ ഒന്നാമൻ്റെ ശരീരത്തിലൂടെ സ്പർശിക്കുന്നത് പുലിയായി പിറന്ന കുന്തക്കാരൻ തന്നെയെന്നത്രെ വിശ്വാസം. പുലി അവളെ കടിച്ചു കുടയും. അങ്ങനല്ലേ പുലിയുടെ സ്നേഹം... ഒന്നും ചെയ്യുന്നത് ഒന്നാമനല്ല, അയാൾക്കുള്ളിലെ പുലി, അതിനുള്ളിലെ കുന്തക്കാരൻ...
അന്നുരാത്രി അവൾ കരഞ്ഞില്ല.
ഇടർ തിരിച്ചുവരും...
___________________________________________________________________________________________________
തുടരും...
ഹരികൃഷ്ണൻ ജി. ജി.
(01/01/2025)
Comments
Post a Comment