ഇടർ : രണ്ട് : ഒരു കുന്തക്കാരൻ പിറന്നിരിക്കുന്നു...
ഇടർ : രണ്ട് : ഒരു കുന്തക്കാരൻ പിറന്നിരിക്കുന്നു...

നിൻ്റെ മിഴിയ്ക്കുള്ളിൽ എന്നെ ഒളിപ്പിക്കൂ,
കറുത്ത ആ കുളത്തിനുള്ളിലേയ്ക്ക്
ഞാൻ ഊളിയിടട്ടേ.
എൻ്റെ വസ്ത്രങ്ങൾ നീ ദൂരെക്കളയൂ
നിൻ്റെ ആഴങ്ങളിൽ നിന്നും ഞാനിനി മടങ്ങുന്നില്ല.
ഇരവിമരത്തിന് മുകളിൽ നിന്നും ഇടറിൻ്റെ പെരുമ്പാത്തോല് താഴേയ്ക്കുവീണു. അതിൽ അവൻ്റെ പെങ്ങൾ ബിഹാസിൻ്റെ ചുവന്ന കറകൊണ്ട് വരച്ച ബ്യൂറയുടെ ചിത്രമുണ്ടായിരുന്നു. ബ്യൂറ, ഇരുമനഹാസിൻ്റെ കാവൽക്കാരി.
ഇരവിമരത്തിന് മുകളിൽ ബ്യൂറയുടെ കാവൽ അശക്തമാണ്.
ബ്യൂറ ഇനി ഇടറിന് ശത്രു.
ഇരുമനഹാസ് ഇനി ഇടറിന് ശത്രു.
നിങ്ങൾ ഇനി ഇടറിന് ശത്രു.
ആകാശത്തുനിന്നും ഇടറിൻ്റെ അലർച്ച താഴ്‌വരയിലേയ്ക്ക് ചാടിയിറങ്ങി.
കാവൽ കഴുകന്മാർ ഇരുമനഹാസിന് ചുറ്റും പറന്നു.
ഇരവിമരം പോരാളിയെക്കിട്ടിയ കൊള്ളക്കാരനെപ്പാേലെ അവരെ തുറിച്ചു നോക്കി.
രണ്ടാമൻ മുന്നോട്ടു നടന്നു,
ഇടറിൻ്റെ പെരുമ്പാത്തോല് കുനിഞ്ഞെടുത്തു,
ഒന്നാമനുമുന്നിൽ മുട്ടുകുത്തി വസ്ത്രം മുകളിലേയ്ക്കുയർത്തി.
"ഇടർ ഗോത്രം വിട്ടിരിക്കുന്നു..."
ഒന്നാമൻ വസ്ത്രത്തിൻ്റെ നിർമലതയിൽ തലോടി. ബ്യൂറയുടെ ചുവന്ന ചിത്രത്തിൽ വിരൽ മുട്ടിച്ചു.
"നിനക്ക് അവളെ വേണോ?"
രണ്ടാമൻ പെരുമ്പാത്തോല് തോൾവഴി അണിഞ്ഞു. ഒന്നാമനുമുന്നിൽ എഴുന്നേറ്റു നിന്നു. കൂട്ടമാകെ അവർക്കുചുറ്റും കൂടി.
അവൾ നിനക്ക്.
ഇടർ ശത്രു.
ബ്യൂറ കാവൽ.
നീ കുന്തക്കാരൻ.
വാഹനം കരിമ്പുലി.
കൂട്ടമൊന്നാകെ അത് ഏറ്റുപറഞ്ഞു.
ജേതാവിനെപ്പാേലെ കുന്തക്കാരൻ ഉറക്കെ അലറി.
ഇടർ ശത്രു.
ബ്യൂറ കാവൽ.
ഇടർ ശത്രു.
ബ്യൂറ കാവൽ.
കുന്തക്കാരനായ രണ്ടാമനെ അവർ തോളിലേറ്റി.
അവന് പ്രായം പതിനാല്,
അവന് ഉയരം ബന്നൽച്ചെടി,
അവന് തൂക്കം ചെമ്പൻപാരി,
അവന് വാക്ക് ഇടംകൈക്കുന്തം,
അവന് ശത്രു ഇടർ,
അവന് കാവൽ ബ്യൂറ.
അവന് കാവൽ ബ്യൂറ.
അവന് കാവൽ ബ്യൂറ...
കൂട്ടം കുന്തക്കാരനെ പാരിയിലെത്തിച്ചു.
മൂന്നാമൻ കഥയാകെ പാരിയിലെത്തിച്ചിട്ട് നേരമൊട്ടുകഴിഞ്ഞിരുന്നു.
ഇടറിൻ്റെ അമ്മ
ഇടറിൻ്റെ അപ്പൻ
ഇടറിൻ്റെ പെങ്ങൾ അവരെക്കാത്ത് പാരിക്ക് നടുവിൽ നിന്നു.
"ഇടർ ഇനി ഇരുമനഹാസിന് ശത്രു,
ബ്യൂറ ഇരുമനഹാസിന് കാവൽ."
ഇടറിൻ്റെ അമ്മ വിളിച്ചു പറഞ്ഞു.
കൂട്ടരാകെ ഏറ്റുവിളിച്ചു
"ഇടർ ഇനി ഇരുമനഹാസിന് ശത്രു,
ബ്യൂറ ഇരുമനഹാസിന് കാവൽ."
ഇടറിൻ്റെ അപ്പൻ വിളിച്ചു പറഞ്ഞു.
കൂട്ടരാകെ ഏറ്റുവിളിച്ചു
"ഇടർ ഇനി ഇരുമനഹാസിന് ശത്രു,
ബ്യൂറ ഇരുമനഹാസിന് കാവൽ."
ഇടറിൻ്റെ പെങ്ങൾ വിളിച്ചു പറഞ്ഞു.
കൂട്ടരാകെ ഏറ്റുവിളിച്ചു
ഇവൾ ഇനി കുന്തക്കാരൻ്റെ തുണ.
അവന് ശത്രു ഇടർ
അവന് വാഹനം കരിമ്പുലി
അവന് കാവൽ ബ്യൂറ
ഒന്നാമൻ അലറി
ഇവൾ ഇനി കുന്തക്കാരൻ്റെ തുണ
ഇടറിൻ്റെ അമ്മ അലറി.
കുന്തക്കാരൻ ഏറുമാടത്തിലേയ്ക്ക് കയറി.
ബ്യൂറ സൂര്യനെ മറച്ച് അവനുള്ള മറയൊരുക്കി.
ലഹരിപിടിപ്പിക്കുന്ന മുന്നക്കായകൾ വട്ടിനിറയെപ്പേറി പെങ്ങൾ അരക്കെട്ടിളക്കി വള്ളിക്കോണികയറി.
ബ്യൂറ അവളുടെ കൈകൾക്ക് ഉറപ്പും മിഴികൾക്ക് മൂർച്ചയും നൽകി.
കൂട്ടം നിശബ്ദമായി അവരുടെ ഇലച്ചാർത്തുകളിൽ ഉറങ്ങി.
രാത്രിയിലെപ്പാെഴോ ഒരലർച്ച അവരുടെ ഉറക്കം ഞെട്ടിച്ചു.
മനുഷ്യ രക്തത്തിൻ്റെ ഗന്ധത്തിൽ കരിമ്പുലിയുടെ കണ്ണുതിളങ്ങി.
ബ്യൂറ കിളികളെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി.
"ഒരു കുന്തക്കാരൻ പിറന്നിരിക്കുന്നു..."
സൂര്യൻ്റെ വെളിച്ചത്തെ ബ്യൂറ കെട്ടഴിച്ചുവിട്ടപ്പോൾ ഇടറിൻ്റെ പെങ്ങൾ കൊയ്തെടുത്ത കുന്തക്കാരൻ്റെ ലിംഗവുമായി ഏറുമാടത്തിൻ്റെ ഏണിയിറങ്ങി.
ഒന്നാമൻ അത് ആചാരപൂർവം ഏറ്റുവാങ്ങി. ലിംഗം കരിമ്പുലിയുടെ മടയിലുപേക്ഷിക്കാൻ മൂന്നാമൻ ഓടി.
മിന്നാത്തിമാർ ഏറുമാടമേറി രണ്ടാമനെ കുലുക്കിനോക്കി
"പിറന്നു.... "
പ്രായമായവൾ വിളിച്ചു പറഞ്ഞു.
കൂട്ടമാകെ അലറിത്തുള്ളി
ബ്യൂറ അവനെ കുന്തമേൽപ്പിച്ചു,
ബ്യൂറ അവന് മറുപിറവിനൽകി,
ഒരു കുന്തക്കാരൻ പിറന്നിരിക്കുന്നു...
ചെമ്പാരകം വെട്ടി ചിതയൊരുക്കി,
രണ്ടാമൻ്റെ ശരീരം ചിതയിൽക്കിടത്തി,
ലിംഗം പുലിയെടുത്തെന്ന വാർത്തവന്നപ്പാേൾ പാറകൾ കൂട്ടിയുരസി.
മുന്നപ്പുല്ലിൽ തീപ്പൊരിമിന്നി. പുകച്ചുരുളിലൂടെ ലഹരി കൂട്ടത്തിനെ ചുറ്റിവരിഞ്ഞു.
ചെമ്പാരകച്ചിതയിൽ തീയാളി
രണ്ടാമൻ്റെ ശരീരം കത്തി
രണ്ടാമൻ്റെ ലിംഗം കരിമ്പുലിതിന്നു
ചെമ്പാരകച്ചിതയ്ക്കു മുകളിൽ ബ്യൂറ നൃത്തംചെയ്യുന്നത് ലഹരിയുടെ ചിനുപ്പിലും കൂട്ടം തെളിഞ്ഞുകണ്ടു.
നിൻ്റെ മിഴിയ്ക്കുള്ളിൽ എന്നെ ഒളിപ്പിക്കൂ,
കറുത്ത ആ കുളത്തിനുള്ളിലേയ്ക്ക്
ഞാൻ ഊളിയിടട്ടേ.
എൻ്റെ വസ്ത്രങ്ങൾ നീ ദൂരെക്കളയൂ,
നിൻ്റെ ആഴങ്ങളിൽ നിന്നും ഞാനിനി മടങ്ങുന്നില്ല.
തുടരും...
ഹരികൃഷ്ണൻ ജി. ജി.
Comments
Post a Comment