ഇടർ : ഭാഗം ഒന്ന് ( ഒരു ശത്രു പിറന്നിരിക്കുന്നു)
ഇടർ : ഒന്ന് : ഒരു ശത്രു പിറന്നിരിക്കുന്നു
പിന്നിൽനിന്ന് കൂക്കിവിളിക്കുന്ന ആൾക്കൂട്ടത്തിനെ ഭയം തോന്നിയില്ല. നടത്തത്തിൽ ഇടർച്ചയല്ല വേരുറപ്പാണ് തോന്നിയത്. ഇരവീഴാ ദിനങ്ങളിൽ ചന്ദ്രനെപ്പഴിക്കുന്ന ദരാദസു മുത്തശ്ശിയുടെ വാക്കുമാലകൾ ചെവിയിൽ മുഴങ്ങി. മുനമുളവടി ഇടതുചെവിയെ തൊട്ട് തൊടാതെ പറന്നുപോയി. പിന്നിൽ കൂവൽ കനത്തു. തലയ്ക്കുവേണ്ടി എറിഞ്ഞതെങ്കിൽ തലതുളച്ചേനെ. ഓടാൻ തോന്നിയില്ല, തിരിഞ്ഞുനോക്കാനും. ഇടർച്ച തോന്നിയില്ല. വേരുറപ്പ്. ഇരവിമരത്തിൻ്റെ ഉറപ്പ്. തിരിഞ്ഞു നിന്നാൽ കൂവൽ നിലയ്ക്കും. തിരികെ തലകുനിച്ച് കൂട്ടത്തിലേയ്ക്ക് നടക്കാം. അവർ കാത്തുനടക്കുന്നതും അതിനുവേണ്ടിയാണ്.
മുളമുന കാലിലേയ്ക്ക് കുത്തിയിറക്കണം.
വീണവനെ തോളിലേറ്റി തിരികെനടക്കണം.
പിന്നെ ശത്രുതയില്ല.
ഇടർ നിന്നില്ല. തിരിഞ്ഞുനോക്കിയില്ല. തൊട്ടുതൊടാതെ പിന്നിൽ നിന്നും പാഞ്ഞുവരുന്ന മുനമുളകളെ ഭയന്നില്ല. വേരുറപ്പ്. ഇരവി മരത്തിൻ്റെ തൂക്കുവേരുകൾക്കുപിടിച്ച് ഇടർ ആകാശത്തേത് നടന്നപ്പാേൾ പിന്നിലെ കൂക്ക് നിലച്ചു. പിന്നിലെ നടത്തം നിലച്ചു. മൂന്നാമൻ പിന്നോട്ട് തിരിഞ്ഞ് വേഗത്തിലോടി. അറിയിക്കണം. അറിയിക്കണം.
ഒരു ശത്രു പിറന്നിരിക്കുന്നു...
ഇടർ ആകാശത്തിലേയ്ക്ക് നടന്നുകയറുന്നതുനോക്കി കൂട്ടം നിശബ്ദരായി.
ഇരവിമരം അവസാനിക്കുന്നതെവിടെയാണ്!
പിരാസുവിൻ്റെ ഭവനത്തിൽ.
മമഹാലു മമഹാലു
ഇഹ ഈഷര സമഹാലു
ഇതി ഈഷര മരമര സാലു
ഇനിമ ഇനിമ ഇനിമ
ഒരു ശത്രു പിറന്നിരിക്കുന്നു...
തുടരും...
ഹരികൃഷ്ണൻ ജി.ജി.
Comments
Post a Comment